English| മലയാളം

ചരിത്രം

സ്ഥലനാമ ചരിത്രം
ഏലൂര്‍ എന്നത് ഏലന്റെ ഊര് എന്നതില്‍ നിന്ന് ഉണ്ടായതാണെന്നു അഭിപ്രായമുണ്ട്. ഏലന്‍ എന്നത് വിഷ്ണുവിന്റെ പര്യായമാണെന്നും ഏലേല ചിങ്ങന്‍ പള്ളിബാണപ്പെരുമാളിന്റെ വാണിജ്യകാര്യ മന്ത്രിയായിരുന്നുവെന്നും വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നു. ഇവിടുത്തെ ഏറ്റവും പുരാതനമായ മഞ്ഞുമ്മല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രവുമായി ബന്ധപ്പെടുത്തി പറയുമ്പോള്‍ വിഷ്ണുവിന്റെ ഊര് എന്ന അര്‍ത്ഥ കല്പനയ്ക്കു പ്രസക്തിയേറുന്നു. ശുകസന്ദേശത്തില്‍ ‘ഹിമോപരിനഗരിവാഴും’ ദേവനെക്കുറിച്ച് പ്രകീര്‍ത്തിക്കുന്നുണ്ട്. ഇതിന് ‘മഞ്ഞുമേര്‍’ ആണെന്നും ‘മേര്‍’ എന്ന പദം പിന്നീട് ‘മേല്‍’ എന്നായിത്തീര്‍ന്നതാണെന്നും ചില ചരിത്രാന്വേഷികള്‍ കണ്ടെത്തുന്നുണ്ട്. ‘എലുക’ എന്നാല്‍ അതിര് എന്നര്‍ത്ഥം. തിരുവിതാംകൂറിന്റെ എലുകയായ ഊര് ഏലൂര്‍ എന്നായിത്തീര്‍ന്നതാണെന്നുള്ള അഭിപ്രായവും നിലവിലുണ്ട്. ഇയലുകളെ (എലുക) എന്നതില്‍ നിന്നു നിഷ്പന്നമായ രൂപമാണ് ഏല്. ചേരുക, കൂടുക, പ്രാപിക്കുക, ഉണ്ടാവുക എന്നെല്ലാമാണ് അര്‍ത്ഥം. പെരിയാറിന്റെ കൈവഴികള്‍ വരാപ്പുഴ കായലില്‍ ചെന്നു ചേരുന്നിടത്തിനു ഏലൂര് (ഏല്+ഊര്) എന്ന പേരുണ്ടാവുക സ്വാഭാവികമാണ്. കേരളത്തിലെ പല പ്രദേശങ്ങള്‍ക്കും അവയോടു ചേര്‍ന്നൊഴുകുന്ന നദികളുമായി ബന്ധപ്പെട്ട നാമങ്ങളാണെന്നറിയുന്നത് ഈ നിഗമനത്തിലെത്തിച്ചേരാന്‍ കുറെക്കൂടി സഹായകമായിത്തീരുന്നു.

 

പ്രാദേശിക ചരിത്രം
മഞ്ഞുമ്മല്‍ പ്രദേശം ഏതാനും നമ്പൂതിരിമാരുടെയും, മറ്റു പ്രദേശങ്ങള്‍ ‘ഏലൂര്‍ മൂപ്പന്‍’ എന്നു വിളിച്ചിരുന്ന മുസ്ലീം പ്രമാണിമാരുടെയും അധീശാധികാരത്തിലായിരുന്നു. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ഉത്തര കേരളത്തില്‍ നിന്നു പലായനം ചെയ്ത് മതം മാറി വന്ന നമ്പൂതിരിമാരായിരുന്നു ഏലൂര്‍ മൂപ്പന്‍മാര്‍ എന്നു പറയപ്പെടുന്നത്. ഇവരുടെ അധീശത്വം മഞ്ഞുമ്മലെ നമ്പൂതിരിമാരും അംഗീകരിച്ചിരുന്നുവത്രെ. ഏലൂരിന്റെ ആദ്യകാല വികസനങ്ങളില്‍ മൂപ്പന്‍മാര്‍ക്ക് നിര്‍ണ്ണായക പങ്കുണ്ടായിരുന്നു. ഇവിടത്തെ പ്രധാന റോഡുകള്‍ അവര്‍ നിര്‍മ്മിച്ചതാണ്. മൂപ്പന്‍ മുടിചൂടാമന്നനായിരുന്നുവെങ്കിലും ഹൃദയവിശാലനായ ഫ്യൂഡല്‍ പ്രഭുവായിരുന്നു. ശീവൊള്ളി നമ്പൂതിരി സ്ഥിരം സന്ദര്‍ശകനായിരുന്നുവെന്നത് മൂപ്പന്റെ സാഹിത്യാഭിരുചിക്ക് നിദര്‍ശനമത്രെ. മൂപ്പന്‍മാരില്‍ വീരാവുണ്ണി മൂപ്പനും അനുജന്‍ മുഹമ്മദ് മൂപ്പനുമായിരുന്നു പ്രമാണിമാര്‍. ഏതാണ്ട് എ.ഡി.1700-ല്‍ ചേരാനല്ലൂര്‍ കര്‍ത്താവിന്റെയും ആലങ്ങാട്ട് രാജാവിന്റെയും പടകള്‍ ഏറ്റുമുട്ടിയത് മഞ്ഞുമ്മല്‍ വെച്ചായിരുന്നു. അതിനെത്തുടര്‍ന്ന് മഞ്ഞുമ്മല്‍ പ്രദേശം ചേരാനല്ലൂര്‍ കര്‍ത്താവിന്റെ കീഴിലായി. മഞ്ഞുമ്മല്‍ ശ്രീകൃഷ്ണ ക്ഷേത്രവും ഏലൂര്‍ നാറാണത്ത് ക്ഷേത്രവും പുരാതന ക്ഷേത്രങ്ങളാണ്. നിത്യപൂജയും ആണ്ടോടാണ്ട് ഉത്സവവും ഈ ക്ഷേത്രങ്ങളില്‍ പണ്ടുമുതലേ നടന്നുവരുന്നു. നാറാണത്ത് ക്ഷേത്രം നാറാണത്തു ഭ്രാന്തന്‍ സ്ഥാപിച്ചതാണെന്നും വിഗ്രഹം ഉറയ്ക്കാതെ വന്നപ്പോള്‍ അദ്ദേഹം പതംവന്ന മുറുക്കാന്‍ കൊറ്റന്‍ കൊണ്ട് ഉറപ്പിച്ചുവെന്നും ഐതിഹ്യമുണ്ട്. ഏലൂരിലെ പാട്ടുപുരയ്ക്കല്‍ക്ഷേത്രം കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ ഭക്തകളായ ദേവദാസികള്‍ക്കായി സ്ഥാപിച്ചതാണെന്നാണ് ഐതിഹ്യം. സ്ത്രീകള്‍ക്ക് ഏറെ പ്രാധാന്യമുള്ളതാണ് ഈ ക്ഷേത്രം. ഏലൂരിലെ മറ്റൊരു പ്രധാന ക്ഷേത്രമാണ് കുട്ടക്കാവ് ഭഗവതി ക്ഷേത്രം. ഏലൂരില്‍ ഭൂരിഭാഗവും സവര്‍ണ്ണരായിരുന്നു. അയിത്തം വളരെ കര്‍ക്കശമായി പാലിക്കപ്പെട്ടിരുന്നു. താഴ്ന്ന ജാതിക്കാര്‍ പണിയെടുക്കുന്ന സ്ഥലത്തെ സൂചിപ്പിക്കാന്‍ പച്ചില നാട്ടുമായിരുന്നു. ഇതു കണ്ടെത്തിയാല്‍ സവര്‍ണ്ണര്‍ അനുചരരെക്കൊണ്ട് ‘ആ ആ’ ‘ആ ആ ‘ എന്ന ശബ്ദം പുറപ്പെടുവിക്കുകയും ഇത് കേട്ട് കീഴ്ജാതിക്കാര്‍ ‘ഓ’ ‘ഓ’ എന്ന് ഒച്ചവെച്ച് മാറികൊടുക്കുകയും ചെയ്തിരുന്നു. സവര്‍ണ്ണരുടെ കുടുംബദു:ഖങ്ങളില്‍ കീഴ്ജാതിക്കാര്‍ വന്ന് കരഞ്ഞു കാണിക്കണമായിരുന്നു. സവര്‍ണ്ണ മേധാവിത്വം കുറയാന്‍ സാമൂഹ്യ പ്രസ്ഥാനങ്ങളും ദേവാലയങ്ങളും വലിയ പങ്കു വഹിച്ചിട്ടുണ്ട്. കല്‍പ്പണി, മരപ്പണി തുടങ്ങിയ വേലകള്‍ ക്രിസ്ത്യാനികള്‍ കൂടുതലായി ചെയ്യാന്‍ തുടങ്ങി. അവരില്‍ പലരും ക്രമേണ സാമ്പത്തികമായി വളര്‍ച്ച നേടി. ചില കുടുംബാംഗങ്ങള്‍ ബ്രിട്ടീഷുകാരുടെ തോട്ടങ്ങളില്‍ പണിയെടുത്ത് ധനികരായി. 1939 കാലഘട്ടമായപ്പോഴേക്കും മഞ്ഞുമ്മല്‍ പ്രദേശത്ത് റിക്ഷാവണ്ടികള്‍ എത്തിച്ചേര്‍ന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ അലയൊലി, അതിന്റെ ആദ്യനാളുകളില്‍ത്തന്നെ ഏലൂര്‍ എന്ന കൊച്ചു ദ്വീപിലും വന്നെത്തിയിരുന്നു.

 

സാംസ്കാരിക ചരിത്രം
കേരളത്തിന്റെ വ്യവസായ സിരാകേന്ദ്രമാണ് ഏലൂര്‍. എന്നിരുന്നാലും സാംസ്കാരിക രംഗത്തും നിസാരമല്ലാത്ത സംഭാവനകള്‍ കാഴ്ചവയ്ക്കാന്‍ ഈ പ്രദേശത്തിനു കഴിഞ്ഞിട്ടുണ്ട്. വിവിധ മതവിഭാഗങ്ങള്‍ വളരെയേറെ സൌഹൃദത്തോടെ ഇടപഴകി ജീവിക്കുന്ന ഒരു പാരമ്പര്യമാണ് ഏലൂരിനുള്ളത്. ഏലൂരിന്റെ സാംസ്കാരിക വളര്‍ച്ചയില്‍ വിവിധ കലാസാഹിത്യ പ്രതിഭകള്‍ വഹിച്ച പങ്ക് വലുതാണ്. വായനശാലകളും ക്ലബ്ബുകളും ഈ രംഗത്ത് കൂടുതല്‍ ഊഷ്മളത പരത്തി. കായികരംഗത്തും ഏലൂരിന്റെ സംഭാവനകള്‍ മികച്ചതാണ്. ജനങ്ങളുടെ സാംസ്കാരിക പ്രബുദ്ധത വളര്‍ത്താന്‍ മതങ്ങള്‍ പണ്ടുമുതല്‍ക്കേ സുപ്രധാനമായ പങ്കുവഹിച്ചിട്ടുണ്ട്. ആരാധനാലയങ്ങളോടനുബന്ധിച്ചുള്ള ആഘോഷങ്ങളും കലാ-സാംസ്കാരിക പരിപാടികളും ഇതില്‍ പ്രധാനമാണ്. മഞ്ഞുമ്മല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഇവിടത്തെ ഏറ്റവും പുരാതനമായ ആരാധനാലയമാണ്. ഇവിടെ ആണ്ടുതോറും മുടങ്ങാതെ ഉല്‍സവാഘോഷങ്ങള്‍ നടക്കുന്നു. വടക്കുംഭാഗത്തും മഞ്ഞുമ്മലും ഉള്ള സുബ്രഹ്മണ്യസ്വാമി ക്ഷേത്രങ്ങളോടനുബന്ധിച്ച് ഉല്‍സവാഘോഷങ്ങളും കാവടിഘോഷയാത്രയും നടത്തുന്നുണ്ട്. ഏറ്റവും പുരാതനവും പ്രധാനവുമായ ക്രിസ്ത്യന്‍ ദേവാലയം മഞ്ഞുമ്മല്‍ പള്ളിയാണ്. ഡിസംബര്‍ 8 ന് ഇവിടെ കൊണ്ടാടുന്ന മാതാവിന്റെ പെരുന്നാള്‍ ഒട്ടേറെ ജനങ്ങളെ ആകര്‍ഷിക്കുന്നു. പുരാതന ചരിത്രത്തിലെ പ്രസിദ്ധരായ പാക്കനാരും നാറാണത്തുഭ്രാന്തനും ഏലൂരില്‍ താമസിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. ശീവൊള്ളി നമ്പൂതിരി ഏലൂരില്‍ വന്നു താമസിച്ചിട്ടുണ്ട്. സാഹിത്യരംഗത്ത് ഏലൂരിന് അഭിമാനാവഹമായ ചരിത്രമാണുള്ളത്. ടി.പി.രാമകൃഷ്ണപിള്ള പ്രാത:സ്മരണീയനായ മികച്ച സാഹിത്യകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്നു. പ്രഗത്ഭ അധ്യാപകനായിരുന്ന ഇദ്ദേഹം വിശ്വപ്രസിദ്ധരായ പാശ്ചാത്യ സാഹിത്യകാരന്‍മാരുടെ കൃതികള്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട്. നാടക-സിനിമാരംഗത്തു പ്രവര്‍ത്തിച്ച കെ.എസ്.ആന്റണി, എം.എസ്.തൃപ്പൂണിത്തുറ, ഗോമതി മഹാദേവന്‍ ഏതാനും സിനിമകളിലഭിനയിച്ച ഡോ.മോഹന്‍ദാസ് ഇപ്പോള്‍ സിനിമാഭിനയത്തില്‍ എത്തിച്ചേര്‍ന്ന മിമിക്രി ആര്‍ട്ടിസ്റ്റുകള്‍ കൂടിയായ നാദിര്‍ഷാ, ജോര്‍ജ് ചീക്കു, സിനിമാനടി ബീനാ ആന്റണി, പ്രസിദ്ധ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളായ പി.എച്ച്.ഷാ, പട്ടണം റഷീദ് എന്നിവരെല്ലാം ഏലൂരിന്റെ സംഭാവനകളാണ്. ഒളിമ്പ്യന്‍ പപ്പന്‍ (ടി.ഡി.ജോസഫ്) എന്ന വോളിബോള്‍ രംഗത്തെ “പവര്‍ സ്ട്രൈക്കര്‍”, ഒളിമ്പ്യന്‍ സൈമണ്‍ സുന്ദരരാജ് (ഫുട്ബോള്‍), ഒരു ഹാട്രിക്കിലൂടെ കേരളത്തിന് സന്തോഷ് ട്രോഫി നേടിക്കൊടുത്ത മണി, ഷട്ടില്‍ ബാഡ്മിന്റണ്‍ താരങ്ങളായ ജസ്സി ഫിലിപ്പ്, ജയാ ഫിലിപ്പ്, നോറീന്‍ പാദുവ, എഡ്വിന്‍ പാദുവ, ഷെര്‍ലി ഫ്രാന്‍സിസ്, ബോസ് നൈനാന്‍, സംഗീതാ പോറ്റി, സുചിത്ര തുടങ്ങിയവര്‍ ശ്രദ്ധേയരാണ്.