English| മലയാളം

ആമുഖം

2010 നവംബര്‍ 1ന് ഏലുര്‍ ഗ്രാമ പഞ്ചായത്ത് ഏലൂര്‍ നഗരസഭയായി ഉയര്‍ത്തപ്പെട്ടു. അതുവരെ എറണാകുളം ജില്ലയില്‍ പറവൂര്‍ താലൂക്കില്‍ ആലങ്ങാട് ബ്ളോക്ക് പഞ്ചായത്തുപരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തായിരുന്നു ഏലൂര്‍. ഏലൂര്‍, കടുങ്ങല്ലൂര്‍ എന്നീ വില്ലേജുകളിലായി  വ്യാപിച്ചു കിടക്കുന്ന ഈ പ്രദേശത്തിന്റെ വിസ്തൃതി 14.21 ചതുരശ്രകിലോമീറ്റര്‍ ആണ്. നഗരസഭയുടെ അതിരുകള്‍ വടക്കുഭാഗത്ത് കടുങ്ങല്ലൂര്‍, ആലങ്ങാട് പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് കളമശ്ശേരി മുനിസിപ്പാലിറ്റിയും, ചൂര്‍ണ്ണിക്കര, കടുങ്ങല്ലൂര്‍ പഞ്ചായത്തുകളും, തെക്കുഭാഗത്ത് ചേരാനല്ലൂര്‍ പഞ്ചായത്തും, കൊച്ചി കോര്‍പ്പറേഷനും, കളമശ്ശേരി മുനിസിപ്പാലിറ്റിയും, പടിഞ്ഞാറുഭാഗത്ത് വരാപ്പുഴ, ആലങ്ങാട്, ചേരാനല്ലൂര്‍ പഞ്ചായത്തുകളുമാണ്. കേരളത്തിന്റെ വ്യവസായ സിരാകേന്ദ്രമാണ് ഏലൂര്‍. പഴയ കൊച്ചി രാജ്യത്തിന്റെ തൊട്ടടുത്തു കിടന്നിരുന്ന ഏലൂര്‍ തിരുവിതാംകൂറിന്റെ ഭാഗമായ ഒരു ചെറിയ ദ്വീപ് ആയിരുന്നു. ഏലൂര്‍- മഞ്ഞുമ്മലെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണ് കോട്ടക്കുന്ന്. തിരുവിതാംകൂര്‍ രാജാവിന്റെ പട്ടാളക്കാര്‍ ഇവിടെ തമ്പടിച്ചിരുന്നു. കോട്ടക്കുന്നിനു സമീപമാണ് ഏലൂരിലെ ഏറ്റവും പുരാതന ക്രിസ്തീയ ദേവാലയമായ മഞ്ഞുമ്മല്‍പള്ളി. ഇറ്റലിയില്‍ നിന്നു വന്ന വൈദികര്‍ ആണ് ഗോഥിക് ശില്പ മാതൃകയില്‍  ഈ ദേവാലയം നിര്‍മ്മിച്ചത്. ഈ പള്ളിയുടെ മുമ്പില്‍ നിന്ന് വരാപ്പുഴ പള്ളി ആസ്ഥാനത്തേക്ക് പോകുന്നതിനായി ഏലൂര്‍ മൂപ്പന്റെ നിര്‍ദ്ദേശപ്രകാരം വെട്ടിക്കൊടുത്തതാണ് മഞ്ഞുമ്മല്‍ ചേരാനല്ലൂര്‍ കടവ് റോഡ്. ഈ ദേവാലയവുമായി സഹകരിച്ചു പ്രവര്‍ത്തിച്ച ബ്രദര്‍ നിക്കോളാസ് അലോപ്പതി അഭ്യസിക്കുകയും ഏലൂരിലെ ആദ്യത്തെ ഡിസ്പെന്‍സറി സ്ഥാപിക്കുകയും ചെയ്തു. 1886-ല്‍ സ്ഥാപിച്ച ഈ സ്ഥാപനമാണ്  കേരളത്തിലെ ആദ്യകാല സ്വകാര്യ ആശുപത്രികളില്‍ ഒന്നായ സെന്റ് ജോസഫ്സ് ആശുപത്രി. ആദ്യത്തെ വിദ്യാലയവും ഈ പള്ളി തന്നെയാണ് സ്ഥാപിച്ചത്. കേരളത്തില്‍ ജനകീയാടിസ്ഥാനത്തില്‍ പഞ്ചായത്തുകള്‍ രൂപവല്‍ക്കരിച്ചത് 1954-ല്‍ നടന്ന തെരഞ്ഞെടുപ്പോടെയാണ്. വരാപ്പുഴ പഞ്ചായത്തില്‍പ്പെട്ട പ്രദേശമായിരുന്നു ഏലൂര്‍. 54-ല്‍ നടന്ന വരാപ്പുഴ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ മണ്ണന്‍തുരുത്തിലെ ടി.കെ.പോള്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 62-64 കാലത്ത് തെരഞ്ഞെടുക്കപ്പെട്ട സമിതി ഇല്ലാതിരുന്നതിനാല്‍ സ്പെഷ്യല്‍ ഓഫീസറുടെ ഭരണത്തിന്‍ കീഴിലായിരുന്നു ഏലൂര്‍ ഉള്‍പ്പെട്ട വരാപ്പുഴ പഞ്ചായത്ത്. ‘64-ല്‍ തെരഞ്ഞെടുപ്പു നടക്കുകയും വിശ്വനാഥപൈ പ്രസിഡന്റായി ഭരണമേല്ക്കുകയും ചെയ്തു. വരാപ്പുഴ, ഏലൂര്‍ എന്നീ പ്രദേശങ്ങള്‍ തമ്മില്‍ അക്കരെ-ഇക്കരെ എന്ന തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് വരാപ്പുഴ പഞ്ചായത്ത് എന്ന പേരുമാറ്റി ഏലൂര്‍ പഞ്ചായത്ത് എന്നാക്കി. കടുങ്ങല്ലൂരില്‍ നിന്ന് കുറ്റിക്കാട്ടുകര ഏലൂര്‍ പഞ്ചായത്തിനോട് ചേര്‍ക്കുകയും ചെയ്തു. 1969-1971 കാലഘട്ടമായപ്പോഴേക്കും പഞ്ചായത്തിന്റെ ആസ്ഥാനം ഏലൂര്‍ ആയിത്തീര്‍ന്നു. ഏലൂരിന്റെ സാംസ്കാരിക ചരിത്രത്തിലെ ഏറ്റവും ഉജ്വലമായ വെള്ളിനക്ഷത്രമായിരുന്നു എം.കെ.കെ.നായര്‍. ഫാക്ടിന്റെ ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടറായിരുന്ന കാലത്ത് അദ്ദേഹം ചെയ്ത സേവനങ്ങള്‍ ഏലൂരിന്റെ മുഖഛായ തന്നെ മാറ്റി. കഥകളിയുടെ പരിപോഷണത്തിന് അദ്ദേഹം ഒട്ടേറെ യത്നിച്ചു. കലാ-സാഹിത്യരംഗങ്ങളിലെ പല പ്രതിഭകളെയും അദ്ദേഹം ഫാക്ടിലൂടെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഫാക്ട് കഥകളി കളരിയും ലളിതകലാ കേന്ദ്രവും അദ്ദേഹം സ്ഥാപിച്ചവയാണ്. അദ്ദേഹത്തിന്റെ 'ആരോടും പരിഭവമില്ലാതെ' എന്ന ആത്മകഥ മലയാളത്തിലെ ആത്മകഥ സാഹിത്യരംഗത്ത് ഒരു മുതല്‍ക്കൂട്ടാണ്.